കൊൽക്കത്ത: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗാളിൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാഹുൽ ഗാന്ധി. ലോക്സഭയിലെ പ്രതിപക്ഷ നേതാവായ അദ്ദേഹം മുർഷിദാബാദിൽ നടന്ന റാലിയിൽ തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചു.
സംസ്ഥാനത്ത് ബി.ജെ.പി ശക്തിപ്പെടാൻ വഴിയൊരുക്കിയത് തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് അദ്ദേഹം ആരോപിച്ചു. ടി.എം.സി നേതൃത്വത്തിൽ ഗുണ്ടാപ്പിരിവ് ഇപ്പോഴും തുടരുകയാണെന്നും ശാരദ ചിറ്റ് ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള അഴിമതികൾ ജനങ്ങൾ മറന്നിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഭരണപരമായ വീഴ്ചകളും അഴിമതികളും ചൂണ്ടിക്കാട്ടിയ അദ്ദേഹം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.




