കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. എകരൂൽ വാകേരി കല്ലാച്ചികണ്ടി സ്വദേശിയായ അഭിലാഷ് (38) ആണ് മരിച്ചത്.
കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാർ അഭിലാഷിനെ ഇടിച്ചതായാണ് വിവരം.
അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






