ന്യൂഡൽഹി: ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ രോഗിയെ സുരക്ഷിതമായി താഴെയിറക്കി. ഡൽഹി ആനന്ദ് വിഹാറിലുള്ള കൈലാഷ് ദീപക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട വ്യക്തിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.
വെള്ളിയാഴ്ച രാവിലെ ഇയാൾ അഞ്ചാം നിലയിലെ ബാൽക്കണിയിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് (ഡിഎഫ്എസ്) സംഘം സ്ഥലത്തെത്തി ഇടപെട്ട് രോഗിയെ രക്ഷപ്പെടുത്തി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ സുരക്ഷിതമായി താഴെയിറക്കിയത്. ഭീഷണിക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.






