കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിൽ തീവെപ്പ് നടത്തിയ കേസിലെ പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. സിനഗോഗിന് പുറമെ മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നടപടി.
കഴിഞ്ഞ 12ന് പുലർച്ചെയായിരുന്നു എറണാകുളം മാർക്കറ്റിലുള്ള കടവുംഭാഗം സിനഗോഗിന് മുന്നിൽ തീവെപ്പ് നടന്നത്. കേസിൽ പിടിയിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചതോടെയാണ് സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന സംശയം ഉയർന്നത്.
‘ബോസ്’ എന്ന പേരിലുള്ള അജ്ഞാത ചാറ്റിൽനിന്നുള്ള നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ അയച്ചുനൽകിയശേഷം പണം ലഭിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ദേശീയ അന്വേഷണ ഏജൻസിയും ഇന്റലിജൻസ് ബ്യൂറോയും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു.
മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ നേരത്തെയുണ്ടായ തീവെപ്പിന് പിന്നിലും എബിൻ പോളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 105 ഗ്രാം രാസലഹരിയും കണ്ടെത്തിയിരുന്നു.
അജ്ഞാത ചാറ്റിലൂടെ നിർദേശം നൽകിയ ‘ബോസ്’ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ടാണ് പ്രതിയെ കടവുംഭാഗം സിനഗോഗിന് മുന്നിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടർന്ന് തൃപ്പൂണിത്തുറയിലും മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും തെളിവെടുപ്പ് നടത്തി.
ഗുരുതര സ്വഭാവമുള്ള തീവെപ്പ് കേസിൽ അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ തുടർനടപടികൾ നിർണായകമാകും.


