തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽകുമാറിനെ സ്ഥാനത്തുനിന്ന് നീക്കി. പകരം സുഭാഷ് വി. പുതിയ അബ്കാരി ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേൽക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അനിൽകുമാറിനെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറായി നിയമിച്ചത്. അനിൽകുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് എക്സൈസ് കമ്മിഷണർ പുറത്തിറക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി ദിവസമായിട്ടും അനിൽകുമാറിനെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.
സർക്കാരിന്റെ അറിവില്ലാതെയാണ് ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് പുറത്തിറക്കിയതെന്നാണ് വിവരം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കമെങ്കിലും പുതിയ സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായ തീരുമാനം സർക്കാരിനെ അറിയിക്കാതെ നടപ്പാക്കിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അതൃപ്തി അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ എക്സൈസ് മന്ത്രി എം. ലിജു വിഷയത്തിൽ ഇടപെടുകയും ആഭ്യന്തര അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ അനിൽകുമാറിന്റെ പങ്ക് കണ്ടെത്തിയതിനെത്തുടർന്നാണ് അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്. എന്നാൽ, അനിൽകുമാറിനെ ചുമതലയിൽനിന്ന് നീക്കിയ ഉത്തരവിൽ പകരം ചുമതല ആർക്കും നൽകിയിട്ടില്ല.



