കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ മൂന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി ഐആർയു. 2019ലെ ഇൻഷുറൻസ് നിയന്ത്രണ നിയമവും അതിന്റെ ഭേദഗതികളും ചട്ടങ്ങളും ലംഘിച്ച നാല് ഇൻഷുറൻസ് കമ്പനികൾക്ക് മുന്നറിയിപ്പും നൽകി.
പോളിസി ഉടമകൾ, ഉപഭോക്താക്കൾ, ഇൻഷുറൻസ് വിപണിയിലെ മറ്റ് പങ്കാളികൾ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കമ്പനികളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ തിരുത്താനും ഭാവിയിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങളുടെ മേൽനോട്ടത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഐആർയു കർശന നിർദേശം നൽകി. ഇൻഷുറൻസ് മേഖലയിൽ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഐആർയു ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ തലാൽ അൽ-മുഹാരബ് വ്യക്തമാക്കി. നിയമപരമായ ബാധ്യതകൾ ലംഘിക്കുന്നതോ ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഇൻഷുറൻസ് മേഖലയിലെ സുസ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കാൻ യൂണിറ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


