ന്യൂഡൽഹി: ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദക്ഷിണ ദില്ലിയിലെ അമർ കോളനി പ്രദേശത്തെ വീട്ടിലാണ് സംഭവം. 22കാരിയായ യുവതി വീട്ടിൽ ഒറ്റയ്ക്കിരിക്കെയാണ് സംഭവം നടന്നത്.
വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. വീട്ടിൽ ജോലി ചെയ്തിരുന്ന 19കാരനാണ് കേസിലെ പ്രധാന പ്രതിയെന്നാണ് സൂചന. ഇയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്.
ഒരു മാസം മുമ്പ് ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്ന യുവാവിനെതിരെയാണ് സംശയം ശക്തമാകുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ദില്ലി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കി. മോഷണശ്രമമോ വ്യക്തിപരമായ കാരണങ്ങളോ ആണോ കൊലപാതകത്തിന് പിന്നിൽ എന്നത് വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം തുടരുകയാണ്. മരിച്ച യുവതിയുടെയും കുടുംബത്തിന്റെയും തിരിച്ചറിയൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.




