വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെട്ട പടക്കപ്പൽ വ്യൂഹം മേഖലയിൽ എത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇതോടെ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി.
ഏപ്രിൽ 23-ന്, ഈ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ പ്രവേശിച്ചതായി സ്ഥിരീകരിച്ചിരുന്നു. നിലവിൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയുടെ മറ്റു ഭാഗങ്ങളിലുമായി പട്രോളിംഗ് നടത്തുകയാണ്.
ഇറാനെതിരെ ഫെബ്രുവരി അവസാനത്തിൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ വിന്യാസം ശ്രദ്ധേയമാകുന്നത്. ഈ കപ്പലുകൾക്ക് പിന്തുണയായി നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ടെന്നും, പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




