വോട്ടെണ്ണൽ പൂർത്തിയാകാനും ജനവിധി വരാനും ഇനിയും സമയമേറെ ബാക്കിയുണ്ടെങ്കിലും, യുഡിഎഫിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള കടിപിടി ഇതിനോടകം തന്നെ തെരുവിലേക്കെത്തിയിരിക്കുന്നു. ഭരണം ലഭിക്കുമെന്ന അമിതവിശ്വാസത്തിൽ മുന്നണിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന ഈ ഗ്രൂപ്പ് പോര് വെറുമൊരു അധികാരമോഹം എന്നതിലുപരി കേരളത്തിലെ പ്രതിപക്ഷ സംവിധാനത്തിന്റെ ആഭ്യന്തര തകർച്ചയെയാണ് വിരൽചൂണ്ടുന്നത്. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ രൂപപ്പെട്ടിരിക്കുന്ന ത്രികോണ മത്സരം ഇന്ന് ഐക്യജനാധിപത്യ മുന്നണിയെ ഒരു രാഷ്ട്രീയ സർക്കസ് ആയി മാറ്റിയിരിക്കുന്നു.
സാധാരണയായി തെരഞ്ഞെടുപ്പിന് ശേഷം മാത്രം ചർച്ചയാവാറുള്ള മുഖ്യമന്ത്രി പദം ഇക്കുറി പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ തന്നെ യുഡിഎഫിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഹൈക്കമാൻഡ് നോമിനിയായി കെ സി വേണുഗോപാൽ എത്തുമ്പോൾ, നിയമസഭയിലെ പോരാട്ടവീര്യം ഉയർത്തിക്കാട്ടി വി ഡി സതീശനും മുതിർന്ന നേതാവെന്ന പരിഗണനയിൽ രമേശ് ചെന്നിത്തലയും തങ്ങളുടെ അവകാശവാദങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു. മുൻപ് ഗ്രൂപ്പ് സമവാക്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നീങ്ങിയിരുന്നെങ്കിൽ ഇന്ന് സ്ഥിതി ആകെ മാറി. ഓരോ നേതാക്കളും തങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കാൻ സ്വന്തമായി പി ആർ ഏജൻസികളെയും സോഷ്യൽ മീഡിയ വിംഗുകളെയും ഏൽപ്പിച്ചിരിക്കുകയാണ്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരേ പാർട്ടിയിലെ മൂന്ന് നേതാക്കൾ തങ്ങൾക്കുവേണ്ടി പുസ്തകങ്ങളും റാപ് ഗാനങ്ങളും പോഡ്കാസ്റ്റുകളും പുറത്തിറക്കി ജനശ്രദ്ധയാകർഷിക്കാൻ മത്സരിക്കുന്നത്. ഈ ഡിജിറ്റൽ യുദ്ധം താഴെത്തട്ടിലുള്ള പ്രവർത്തകരെപ്പോലും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
എന്നാൽ ഈ ചേരിപ്പോരിനിടയിൽ ഏറ്റവും വലിയ പ്രഹരമായി മാറുന്നത് മുസ്ലിം ലീഗിന്റെ നിലപാടാണ്. യുഡിഎഫിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ തങ്ങൾക്ക് ഇത്തവണ അർഹമായ പരിഗണന ലഭിക്കണമെന്ന വാശിയിലാണ് ലീഗ്. ഒരു പടി കൂടി കടന്ന്, മുഖ്യമന്ത്രി പദത്തിന് മേൽ ലീഗ് കണ്ണുവെക്കുന്നു എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ തന്നെ പ്രശ്നമാണ്. തങ്ങൾ വിചാരിച്ചാൽ യുഡിഎഫിന് ഭരണം നഷ്ടമാകുമെന്ന കൃത്യമായ ധാരണ ലീഗ് നേതൃത്വത്തിനുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ മുന്നണി വിടുക എന്ന കടുത്ത തീരുമാനത്തിലേക്ക് ലീഗ് നീങ്ങിയേക്കാം. ലീഗ് പിന്മാറുന്ന പക്ഷം കേവല ഭൂരിപക്ഷം തെളിയിക്കാൻ പോലുമാകാതെ യുഡിഎഫ് തകർന്നു വീഴുന്ന കാഴ്ചയാകും കേരളം കാണുക.
ഇത്തരമൊരു കുതികാൽവെട്ട് രാഷ്ട്രീയവും അധികാര വടംവലിയും നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വോട്ടിംഗ് ശതമാനത്തിലെ മാറ്റങ്ങൾ യുഡിഎഫിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഒരു പ്രതിപക്ഷമാകാൻ അവർക്ക് കഴിഞ്ഞോ എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ച് ഇത്തവണ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർദ്ധനവ് ഇടത് മുന്നണിക്ക് അനുകൂലമാകാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സ്ത്രീക്ഷേമ പദ്ധതികളും സാമൂഹിക സുരക്ഷാ പെൻഷനുകളും താഴെത്തട്ടിലുള്ള ജനങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം വോട്ടായി മാറിയാൽ യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ പാടെ തെറ്റും.
സർക്കാരിനെതിരെ വ്യക്തിഹത്യകളും ആരോപണങ്ങളും ഉന്നയിച്ച് സമയം കളയുന്നതിനിടയിൽ, സ്വന്തം പാളയത്തിലെ പടലപിണക്കങ്ങൾ പരിഹരിക്കാൻ യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ തമ്മിൽ പരസ്യമായി പോരടിക്കുമ്പോൾ, സാധാരണ വോട്ടർമാർക്ക് മുന്നണിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. ആര് ഭരിക്കണം എന്നതിനേക്കാൾ ഉപരി ആര് മുഖ്യമന്ത്രിയാകണം എന്ന ചിന്തയാണ് യുഡിഎഫ് നേതാക്കളെ നയിക്കുന്നത്. പി ആർ വർക്കുകൾ കൊണ്ട് നിർമ്മിച്ചെടുത്ത ജനപ്രീതി വോട്ടായി മാറില്ലെന്ന സത്യം തിരിച്ചറിയാൻ അവർ വൈകിയിരിക്കുന്നു. വികസനത്തുടർച്ച ആഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഭരണപക്ഷത്തെ വിശ്വസിക്കുമ്പോൾ, അധികാരത്തിന് വേണ്ടി ഗ്രൂപ്പ് മാറ്റങ്ങൾ നടത്തുന്ന യുഡിഎഫ് നേതാക്കൾ സ്വന്തം ശവക്കുഴി തോണ്ടുകയാണ്. ഈ ആഭ്യന്തര കലഹം മുന്നണിയെ തകർക്കുമെന്നും അന്തിമഫലം വരുമ്പോൾ ലീഗിന്റെയും കോൺഗ്രസിലെ ഗ്രൂപ്പ് രാജാക്കന്മാരുടെയും മോഹങ്ങൾ വെറും സ്വപ്നമായി അവശേഷിക്കുമെന്നും ഉറപ്പാണ്.




