ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചു.
പ്രാദേശിക സമയം പുലർച്ചെ 5.23ഓടെയാണ് ഭൂചലനം ഉണ്ടായത്. ഹൊക്കൈഡോയുടെ തെക്കൻ മേഖലയിലെ ഭൂമിക്കടിയിൽ ഏകദേശം 83 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ജനവാസം കുറവുള്ള മേഖലയായതിനാൽ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഭൂചലനത്തെ തുടർന്ന് ചില പ്രദേശങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതോടെ പാറവീഴ്ചയും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ തുടർചലനങ്ങൾ ഉണ്ടാകാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഭൂചലനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഹൊക്കൈഡോയ്ക്ക് തെക്കുഭാഗത്തുള്ള കടലിൽ 5.0 തീവ്രതയുള്ള മറ്റൊരു ഭൂചലനവും രേഖപ്പെടുത്തിയിരുന്നു. ഇതിന് മുൻപ് വടക്കൻ ഇവാത്തെ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നേരിയ നാശനഷ്ടങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ സ്ഥിതി അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.




