ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാർ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ആശ്വാസമായി.
2025 സെപ്റ്റംബറിൽ തമിഴ്‌നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ സർക്കാർ നിയമനം ഭരണഘടനയിലെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി നടപടി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
ദുരന്തത്തിൽ ഇരയായവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. വിഷയത്തിൽ തുടർവാദം നടക്കും.




