തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾ തള്ളി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വിവിധ നിയമനങ്ങൾ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എം.കെ. മുനീർ മന്ത്രിസഭയിൽ ഉണ്ടാകേണ്ടിയിരുന്ന വ്യക്തിയാണെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. ഭരണനിർവഹണം നടത്താൻ കഴിയുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിസിയെ അതൃപ്തി അറിയിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് അവകാശമുണ്ടെന്നും യുഡിഎഫ് യോഗം വിളിച്ചുചേർക്കുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. യോഗം ചേരാത്തതിലെ പ്രശ്നത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണപക്ഷത്തിരിക്കുമ്പോൾ പ്രതിപക്ഷത്തിരിക്കുമ്പോഴുണ്ടാകുന്ന തരത്തിലുള്ള വിജയങ്ങൾ എല്ലായിടത്തും പ്രതീക്ഷിക്കാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ പൂർണമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നത് പരിശോധിക്കേണ്ട വിഷയമാണെന്നും പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിൽ കൂടിയാലോചന നടക്കുന്നില്ലെന്നും പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ആരോപിച്ച് അടൂർ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷന്റെ നിയമനം, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ നിയമനം തുടങ്ങിയ വിഷയങ്ങളിൽ മുന്നണിയിൽ ചർച്ച നടന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
യുഡിഎഫ് യോഗം വിളിക്കേണ്ടത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി അതിന് മുൻകൈ എടുത്തില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു. വിഷയത്തിലെ അതൃപ്തി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


