തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ എസ്എഫ്ഐ–യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. തലസ്ഥാനത്ത് നടന്നത് ദൗർഭാഗ്യകരവും ഗൗരവമുള്ളതുമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം നടത്തുമ്പോൾ എസ്എഫ്ഐക്ക് എന്തിനാണ് എതിർപ്പെന്നും റോജി എം. ജോൺ ചോദിച്ചു. ബിജെപിയോടുള്ള വിധേയത്വം തെളിയിക്കാനുള്ള ശ്രമമാണോ ആക്രമണത്തിന് പിന്നിലെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.
കലാലയങ്ങൾ സർഗാത്മകമായ സംവാദങ്ങൾ നടക്കേണ്ട ഇടങ്ങളാണ്. ഹോസ്റ്റലിൽനിന്ന് മദ്യക്കുപ്പികളും കല്ലുകളും എടുത്ത് പ്രതിഷേധത്തിന് നേരെ എറിയുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു. ഹോസ്റ്റലിൽ മദ്യക്കുപ്പികളും ലഹരിപദാർഥങ്ങളും എങ്ങനെ എത്തിയെന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിക്കുന്നത് ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും എന്നാൽ മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുന്നതും ദേശീയപതാക നശിപ്പിക്കാൻ ശ്രമിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും റോജി എം. ജോൺ പറഞ്ഞു.
അതേസമയം, സർക്കാർ തീരുമാനങ്ങൾ യുഡിഎഫ് അറിയുന്നില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശത്തിലും മന്ത്രി പ്രതികരിച്ചു. മുന്നണിയിൽ ഏകോപനമില്ലായ്മയില്ലെന്നും വിഷയത്തിൽ എഐസിസിയും യുഡിഎഫ് നേതൃത്വവും കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വിശാലമായ പ്രസ്ഥാനമാണെന്നും ആർക്കെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിൽ മുഖ്യമന്ത്രി അതിന് മറുപടി നൽകുമെന്നും റോജി എം. ജോൺ വ്യക്തമാക്കി. മാധ്യമങ്ങളുടെ ആവശ്യപ്രകാരം ദിവസത്തിൽ പലതവണ മുഖ്യമന്ത്രി പ്രതികരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


