തിരുവനന്തപുരം: തന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. ഡിവൈഎഫ്‌ഐ നടത്തുന്നത് പ്രതിഷേധമല്ല, അക്രമമാണെന്ന് മന്ത്രി ആരോപിച്ചു. കലാപാഹ്വാനം നടത്തിയത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിനാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനീഷ് ആരോപിച്ചു. ഡിവൈഎഫ്‌ഐയെ തനിക്ക് ഭയമില്ലെന്നും പ്രതിഷേധത്തെ ഭയന്ന് ഒരു പൊതുപരിപാടിയും റദ്ദാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡിവൈഎഫ്‌ഐ പ്രവർത്തകരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിൽ രണ്ട് ഇടങ്ങളിലാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തളിപ്പറമ്പ് കുപ്പത്ത് വെച്ചായിരുന്നു ആദ്യ ആക്രമണം. തുടർന്ന് പയ്യന്നൂരിലും പ്രതിഷേധക്കാർ വാഹനത്തിന് നേരെ കല്ലുകൊണ്ടും കൈകൊണ്ടും അടിച്ചു. ആക്രമണത്തിൽ വാഹനത്തിന്റെ റെയിൽ ഗാർഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത ശേഷം കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് സംഭവം. മന്ത്രിയുടെ വാഹനം രണ്ടുതവണ ആക്രമിക്കപ്പെട്ടത് സുരക്ഷാവീഴ്ചയാണെന്നും ജനീഷ് പറഞ്ഞു.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷം നടന്നതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മന്ത്രിയുടെ വാഹനത്തിന് നേരെ കണ്ണൂരിൽ ആക്രമണമുണ്ടായത്. സംഭവം രാഷ്ട്രീയമായി കൂടുതൽ പ്രതികരണങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.


