തിരുവനന്തപുരം: അർജുന അവാർഡ് ജേതാവും മുൻ കായികതാരവുമായ പത്മിനി തോമസ് ബിജെപി വിടുന്നു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് പാർട്ടി വിടാനുള്ള തീരുമാനം. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായ പത്മിനി, ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും. 2024ലാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കായികരംഗത്തോടുള്ള താൽപര്യം കണ്ടാണ് ബിജെപിയിലേക്ക് എത്തിയതെന്ന് പത്മിനി തോമസ് പറഞ്ഞു. എന്നാൽ കേരളത്തിലടക്കം കായികമേഖലയിൽ ഒന്നും ചെയ്യാൻ അവസരം ലഭിച്ചില്ല. പാർട്ടിയിലേക്ക് ക്ഷണിച്ചപ്പോഴുണ്ടായിരുന്ന ആവേശം പിന്നീട് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും പത്മിനി വ്യക്തമാക്കി.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരിഗണിക്കാമെന്ന് ബിജെപി നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും അതുണ്ടായില്ലെന്നാണ് പത്മിനിയുടെ ആരോപണം. പദവികളൊന്നും ആവശ്യപ്പെട്ടായിരുന്നില്ല ബിജെപിയിൽ ചേർന്നത്. പിന്നീട് പാളയം വാർഡിൽ മത്സരിക്കാൻ അവസരം നൽകിയെങ്കിലും പ്രതീക്ഷിച്ച പരിഗണന ലഭിച്ചില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിൽ ബിജെപി സ്ഥാനാർഥിയായി പത്മിനി മത്സരിച്ചിരുന്നു.
തന്റെ കുടുംബം കോൺഗ്രസ് പശ്ചാത്തലമുള്ളതാണെന്നും കോൺഗ്രസിലൂടെയാണ് പൊതുസമൂഹത്തിൽ അറിയപ്പെട്ടതെന്നും പത്മിനി പറഞ്ഞു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളുടെ സഹായത്തോടെയാണ് പല കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോയത്. അന്നത്തെ കെപിസിസി അധ്യക്ഷനുമായുണ്ടായ ചെറിയ തർക്കം പരിഹരിക്കപ്പെടാത്തതിനെ തുടർന്നാണ് എടുത്തുചാടി ബിജെപിയിൽ ചേർന്നത്. ആ തീരുമാനത്തിൽ ഇപ്പോൾ പശ്ചാത്താപമുണ്ടെന്നും തിരിച്ചുവരുന്നുണ്ടെങ്കിൽ അത് കോൺഗ്രസിലേക്ക് മാത്രമായിരിക്കുമെന്നും പത്മിനി തോമസ് വ്യക്തമാക്കി.
പത്മജ വേണുഗോപാലിന് പിന്നാലെയാണ് പത്മിനി തോമസും ബിജെപി വിടുന്നത്. രണ്ടരവർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് പത്മജ കഴിഞ്ഞ ദിവസമാണ് രാജി അറിയിച്ചത്. ഇമെയിൽ വഴിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറിയത്. ബിജെപിയിലേക്കുള്ള പ്രവേശനം എടുത്തുചാട്ടമായിരുന്നുവെന്നും ഇപ്പോൾ ആ തീരുമാനം തിരുത്തുകയാണെന്നുമായിരുന്നു പത്മജയുടെ പ്രതികരണം.


