ന്യൂഡൽഹി: ഓസ്ട്രേലിയയിൽ ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാർ. കമ്മ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകിയതിനു പിന്നാലെ പരിശീലനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് 25-കാരിയായ അനയ.
പരിശീലനത്തിന് മുന്നോടിയായി മുൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ്ങുമായി അനയ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അനയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അനയയുടെ ബാറ്റിങ്ങിനെക്കുറിച്ചും ക്രിക്കറ്റ് പരിശീലനത്തെക്കുറിച്ചും യോഗ്രാജ് സിങ് ചോദിച്ചറിഞ്ഞു. പരിശീലന സെഷനിൽ പങ്കെടുക്കണമെന്നും അദ്ദേഹം അനയയോട് നിർദേശിച്ചു പരിശീലനത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയായിരുന്നു ഇതെന്നും ഇത്തരത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അനയ കുറിച്ചു.


