കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികൾക്കുള്ള ശിക്ഷ വിധിച്ചു. ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്. ഒന്നാം പ്രതി സുമേഷ് കെ.വി, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം. ശേഷിക്കുന്ന ആറ് പ്രതികൾക്ക് രണ്ട് വർഷം തടവുശിക്ഷയും വിധിച്ചു. ഇവർക്ക് ജാമ്യം ലഭിക്കും.
അതേസമയം, സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.
കേസിൽ ആകെ 33 പേരായിരുന്നു പ്രതികൾ. ഇതിൽ 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഏഴ് പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. അഞ്ച് പ്രതികൾക്കെതിരെ അതിക്രമിച്ചുകയറൽ, തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ഒരാൾക്കെതിരെ തെളിവ് നശിപ്പിച്ച കുറ്റവുമാണ് തെളിഞ്ഞത്. എന്നാൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതോടെയാണ് പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്.
2012 ഫെബ്രുവരി 20-നാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവൻ കടവ് ചുള്ളിയോട് വയലിൽ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന്റെ പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
സംഭവത്തിന് തലേദിവസം, ഫെബ്രുവരി 19-ന് അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗും സി.പി.എമ്മും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 20-ന് രാവിലെ പ്രദേശം സന്ദർശിക്കാനെത്തിയ പി. ജയരാജനെയും കല്ല്യാശ്ശേരി എം.എൽ.എയായിരുന്ന ടി.വി. രാജേഷിനെയും ഒരു സംഘം അരിയിൽ മുസ്ലിം ലീഗ് ഓഫീസിന് സമീപം തടഞ്ഞിരുന്നു.
അതിനിടെ, ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി ഷുക്കൂറും സുഹൃത്തുക്കളും തോണിയിൽ ചെറുകുന്ന് മിഷൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കീഴറ വള്ളുവൻ കടവിൽവെച്ച് സി.പി.എം പ്രവർത്തകർ ഇവരെ പിന്തുടർന്നെന്നും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയപ്പോൾ തടഞ്ഞുവെച്ചെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഈ സമയത്ത് പി. ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽവെച്ച് നേതാക്കളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ ശേഷമാണ് ഷുക്കൂറിനെ വയലിൽവെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ കുറ്റപത്രത്തിലെ ആരോപണം.
ഷുക്കൂറിനൊപ്പം അവസാനമുണ്ടായിരുന്ന സക്കരിയയ്ക്കും ആക്രമണത്തിൽ ഗുരുതരമായി വെട്ടേറ്റെങ്കിലും ജീവൻ രക്ഷിക്കാനായി. കണ്ണപുരം പോലീസ് ഇയാളെ രക്ഷപ്പെടുത്തി ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി.വി. അയ്യൂബ്, ഹാരിസ് എം.കെ, പി. അബ്ദുൽ സലാം എന്നിവരും ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു. സക്കരിയയുടെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പിന്നീട് 2016 ഫെബ്രുവരിയിലാണ് കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. മൂന്ന് വർഷത്തിന് ശേഷം 2019 ഫെബ്രുവരി 11-ന് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്.


