വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ പേസർ മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ വിശദീകരണവുമായി ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്. കിവീസിനെതിരേ ഏറ്റവും മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തതെന്നും തീരുമാനത്തിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് പേസർമാരുമായി ഇന്ത്യ കളത്തിലിറങ്ങിയിട്ടും സിറാജിന് ഇടം ലഭിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീം തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ബാറ്റിങ് കോച്ച് രംഗത്തെത്തിയത്.
സിറാജുമായി ബന്ധപ്പെട്ട് ടീമിനുള്ളിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ഏറ്റവും മികച്ച ഇലവനാണെന്ന് വിലയിരുത്തിയാണ് ടീമിനെ തിരഞ്ഞെടുത്തതെന്നും കോട്ടക് പറഞ്ഞു. സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമായി കാണുന്നില്ല. ആദ്യ ദിവസത്തെ സാഹചര്യം മാത്രം പരിഗണിച്ചല്ല ടീം തിരഞ്ഞെടുപ്പ് നടത്തിയത്. രണ്ടാം ദിനം മുതൽ നാലാം ദിനം വരെയുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തിലും കോട്ടക് വിശദീകരണം നൽകി. ന്യൂസീലൻഡിന്റെ മുൻനിര ബാറ്റിങ് നിരയിൽ നാല് ഇടംകൈയൻ ബാറ്റർമാരുള്ളതാണ് വാഷിങ്ടണിന് മുൻഗണന നൽകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ മത്സരത്തിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഏറ്റവും മികച്ച ബൗളിങ് നിരയെയാണ് ഇന്ത്യ അണിനിരത്തിയിരിക്കുന്നതെന്നും കോട്ടക് കൂട്ടിച്ചേർത്തു.
പേസ് ബൗളിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അൻഷുൽ കാംബോജ് ചില ഘട്ടങ്ങളിൽ മാത്രമാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നതെങ്കിലും അതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കോട്ടക് പറഞ്ഞു. പ്രസിദ്ധ് കൃഷ്ണ ആക്രമണോത്സുക ബൗളറാണെന്നും വിക്കറ്റ് നേടുന്നതിനൊപ്പം ചിലപ്പോൾ റൺസ് വഴങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിക്കറ്റ് വീഴ്ത്തുമ്പോൾ പ്രശംസിക്കുകയും റൺസ് വഴങ്ങുമ്പോൾ മാത്രം വിമർശിക്കുകയും ചെയ്യുന്നത് നീതിയല്ലെന്നും കോട്ടക് അഭിപ്രായപ്പെട്ടു.
അതേസമയം, സിറാജിനെയും ഗുർനൂർ ബ്രാറിനെയും ഒഴിവാക്കേണ്ടിവന്നത് ഏറെ പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടോസിനുശേഷം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിരുന്നു. പേസ് ബൗളർമാരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏകദിന പരമ്പരയിലും സിറാജും ഗുർനൂറും തിളങ്ങിയിരുന്നു. പരമ്പരയിലെ താരമായിരുന്ന ഗുർനൂറിനെപ്പോലും ടീമിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും ഗിൽ പറഞ്ഞു.


