കണ്ണൂർ: കൂത്തുപറമ്പ് നരവൂരിലെ ചാക്ക് ഗോഡൗണിൽ നടന്ന കൊലപാതക കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. കൊൽക്കത്ത ബെൽഗാച്ചി ഘോഷ് റോഡ് സ്വദേശിയായ മുഹമ്മദ് ആസാദ് (32)നെയാണ് തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക അടച്ചാൽ അത് കൊല്ലപ്പെട്ട മുഹമ്മദ് ഷംസുദ്ദീന്റെ (36) ഭാര്യക്കും കുട്ടികൾക്കും നൽകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ, ഷംസുദ്ദീന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ആവശ്യപ്പെട്ടു.
2013 ജൂലൈ 17ന് മരവന്റവിട കിഴക്കേയിൽ യൂസഫിന്റെ ചാക്ക് ഗോഡൗണിൽ ഷംസുദ്ദീനെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് കേസ്. നാട്ടിലേക്ക് മടങ്ങുമ്പോൾ നൽകാമെന്ന് പറഞ്ഞ കൂലി നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിന് ശേഷം പ്രതി ബംഗാളിലേക്ക് രക്ഷപ്പെട്ട് 24 പർഗാന ജില്ലയിലെ ഉൾട്ട ഡംഗ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് കൂത്തുപറമ്പ് എസ്‌ഐ സി.എച്ച്. ഉണ്ണികൃഷ്ണനും സംഘവും ബംഗാളിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.




