കോഴിക്കോട്:എടച്ചേരിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കാൽ നൂറ്റാണ്ടോളം നിയമത്തെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ ക്രൈംബ്രാഞ്ചിന്റെ വലയിലായി. വേങ്ങോളി കിഴക്കയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഹമീദിനെയാണ് വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കാസർക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. 2001-ൽ നടന്ന ഈ കൊലപാതകത്തിൽ പ്രതിയെക്കുറിച്ച് യാതൊരു സൂചനയുമില്ലാതിരുന്ന ഘട്ടത്തിലാണ് നിർണ്ണായകമായ ഈ നീക്കം നടന്നത്.
ഭാര്യയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഹമീദിനായി ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സംസ്ഥാനത്തിനകത്തും പുറത്തും വിപുലമായ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇയാൾ വിദേശത്തേക്ക് കടന്നെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ വർഷങ്ങളായി കാസർക്കോട് ജില്ലയിലെ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരും വേഷവും മാറി ഒരു സാധാരണ മത്സ്യവിൽപനക്കാരനായി ജീവിക്കുകയായിരുന്നു ഇയാൾ.
കാലപ്പഴക്കം മൂലം പ്രതിയുടെ രൂപത്തിൽ വന്ന മാറ്റങ്ങൾ അന്വേഷണത്തെ കുഴപ്പിച്ചു എങ്കിലും, ശാസ്ത്രീയമായ പരിശോധനകളിലൂടെയും പഴയകാല ഫോട്ടോകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയും പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഒളിവിൽ കഴിയുന്ന കുറ്റവാളികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് നടത്തുന്ന പ്രത്യേക പരിശോധനയാണ് 25 വർഷം പഴക്കമുള്ള ഈ കേസിലെ ചുരുളഴിച്ചത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.


