തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുൽ 14 ദിവസത്തേക്ക് റിമാൻഡിൽ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.
ആത്മഹത്യ പ്രേരണയും ഗാർഹിക പീഡന നിരോധന നിയമപ്രകാരവുമാണ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ആരതി ഭർത്താവിൽ നിന്ന് നിരന്തരം ശാരീരിക പീഡനം നേരിട്ടതായി വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.
മർദ്ദനവിവരങ്ങൾ ഭർത്താവിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ അമ്മ ആരോപിച്ചു. സ്വർണ്ണവും പണവും ഉപയോഗിച്ച് അതുൽ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റിയെന്നും കടബാധ്യതകളെ ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. മറ്റൊരു പെൺകുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ആരോപണം.
ആരതി അമ്മക്ക് അയച്ച സന്ദേശങ്ങളിലും മർദ്ദനത്തിന്റെ ഫോട്ടോകളിലും പീഡനത്തിന്റെ വിവരങ്ങൾ വ്യക്തമാണെന്ന് കുടുംബം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഴയതും പുതുതുമായ 17 മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, ആരോപണങ്ങൾ അതുലിന്റെ കുടുംബം നിഷേധിച്ചു. സ്വർണ്ണം പണയം വെച്ചത് ഇരുവരും ചേർന്ന് വാഹനം വാങ്ങുന്നതിനായിരുന്നുവെന്നാണ് അവരുടെ വിശദീകരണം.
വർക്കല സ്വദേശിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും ഒന്നര വർഷം മുൻപാണ് വിവാഹിതരായത്. ആറുമാസം മുൻപ് ആറ്റുകാലിലെ വാടക വീട്ടിലേക്ക് താമസം മാറിയ ഇവരുടെ ദാമ്പത്യജീവിതത്തിൽ തുടക്കം മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.






