കൊച്ചി: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അറസ്റ്റിലായ അബ്ദുൾ സലാമിന് ഗുണ്ടാ ബന്ധമുണ്ടെന്ന് പൊലീസ്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ സംഘത്തിൽ സലാം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സലാമിന്റെ ഗുണ്ടാ ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
കേസിലെ മറ്റൊരു പ്രതിയായ സൈനുൽ ആബിദിനെതിരെയും നിരവധി സൈബർ കേസുകളുണ്ടെന്നാണ് വിവരം. തട്ടിപ്പ് സംഘങ്ങൾക്ക് മ്യൂൾ അക്കൗണ്ടുകൾ എത്തിച്ചുനൽകിയിരുന്നത് ആബിദാണെന്നാണ് പൊലീസ് കണ്ടെത്തൽ. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങൾക്ക് പുറമേ ആന്ധ്രാപ്രദേശിലും ഇയാൾക്കെതിരെ സൈബർ തട്ടിപ്പ് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാടിനായി പ്രതികൾ ബന്ധപ്പെട്ട വിവിധ ജില്ലകളിലെ ഇടനിലക്കാരെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം വെങ്ങോല സ്വദേശികളായ പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരും അറസ്റ്റിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്.
വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റാണ് മുഹമ്മദ് ഹുസൈൻ. അറസ്റ്റിലായവർ സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് വിവരം. കാലിക്കടവിൽ നിന്ന് ഇവരിൽ നിന്ന് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.
മുഹമ്മദ് ഹുസൈൻ കോൺഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണങ്ങളിലും പങ്കെടുത്തിരുന്നു. നേരത്തെ വി.ഡി. സതീശൻ മുഹമ്മദ് ഹുസൈന്റെയും അബ്ദുൾ സലാമിന്റെയും വീടുകൾ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം അബ്ദുൾ സലാം നിയമസഭയിലെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.




