ന്യൂയോർക്ക്: ഇറാനെ ഭൂമിയിൽ നിന്ന് തുടച്ചുമാറ്റുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര കപ്പൽ പാതകളിൽ അമേരിക്കൻ കപ്പലുകളെ ഇറാൻ ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
അമേരിക്കൻ നാവികസേനയുടെ കപ്പലുകളെയോ ചരക്ക് കപ്പലുകളെയോ ഇറാൻ പ്രകോപിപ്പിച്ചാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും, അത്തരത്തിലുള്ള നടപടികൾ വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിയൻ സായുധ ബോട്ടുകൾ അമേരിക്കൻ കപ്പലുകളെ പിന്തുടരുകയും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് പെന്റഗൺ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നിലപാട് കടുപ്പിച്ചത്.
കടലിൽ അമേരിക്കൻ കപ്പലുകളെ ശല്യം ചെയ്യുന്ന ഇറാനിയൻ ബോട്ടുകളെ വെടിവെച്ച് വീഴ്ത്താൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ പരമാധികാരത്തെയും സൈനികരെയും ലക്ഷ്യമിടുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും ഇറാൻ “തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും” അദ്ദേഹം ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, മേഖലയിൽ സംഘർഷം ഉയർത്തുന്നത് അമേരിക്കയാണെന്ന് ഇറാൻ ആരോപിച്ചു. സ്വന്തം അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന വിദേശ കപ്പലുകളെ പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ നിലപാട് വ്യക്തമാക്കി.
ഇറാന്റെ റെവല്യൂഷണറി ഗാർഡും അമേരിക്കൻ നാവികസേനയും പശ്ചിമേഷ്യൻ മേഖലയിൽ പലപ്പോഴും നേർക്കുനേർ വരുന്ന സാഹചര്യത്തിലാണ് പുതിയ വിവാദ പ്രസ്താവന. ട്രംപിന്റെ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമോ എന്ന ഭയവും ലോകരാജ്യങ്ങളിൽ ഉയരുകയാണ്.
നിലവിൽ ഗൾഫ് മേഖലയിലായി ഏകദേശം 800 കപ്പലുകളും ഇരുപതിനായിരത്തിലധികം കപ്പൽ ജീവനക്കാരും പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




