ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം വലിയ വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനവിധി അംഗീകരിക്കുന്നുവെന്നും, ഇനി ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രതികരിച്ച സ്റ്റാലിൻ, ജയവും പരാജയവും ഡിഎംകെയ്ക്ക് പുതിയതല്ലെന്ന് പറഞ്ഞു. മുൻപ് ആറ് തവണ അധികാരത്തിലിരുന്ന പാർട്ടി, ഇപ്പോൾ ജനങ്ങളുടെ പിന്തുണയോടെ പ്രതിപക്ഷമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകൾ ലഭിച്ചുവെന്നും, ടിവികെയേക്കാൾ 17.43 ലക്ഷം വോട്ടുകളുടെ കുറവാണ് ഉണ്ടായതെന്നും സ്റ്റാലിൻ പറഞ്ഞു. വോട്ടിംഗ് ശതമാനത്തിൽ വെറും 3.52% വ്യത്യാസമുണ്ടെന്നും, ഇത് ജനങ്ങളുടെ വിശ്വാസം ഇപ്പോഴും ഡിഎംകെയ്ക്ക് ഉണ്ടെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിഎംകെ പ്രവർത്തകരുടെ പിന്തുണയെ കുറിച്ച് പറഞ്ഞ സ്റ്റാലിൻ, അവരുടെ സന്ദേശങ്ങൾ തന്നെ ശക്തിപ്പെടുത്തുന്നുവെന്നും പറഞ്ഞു. ജയിച്ച എല്ലാ ഡിഎംകെ സ്ഥാനാർത്ഥികളും ജനങ്ങളോട് നന്ദി അറിയിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.






