ചണ്ഡിഗഢ്: മുൻ ഇന്ത്യൻ അണ്ടർ-19 താരവും പഞ്ചാബിന്റെ മുൻ മീഡിയം പേസറുമായ അമൻപ്രീത് സിംഗ് ഗിൽ (36) ചണ്ഡീഗഡിൽ അന്തരിച്ചു. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. വിരാട് കോലിയുടെ സഹതാരമായിരുന്ന അമൻപ്രീത് പഞ്ചാബ് ക്രിക്കറ്റിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
2006 മുതൽ 2008 വരെ പഞ്ചാബിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ച അമൻപ്രീത് 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പ്രഥമ ഐപിഎൽ സീസണിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
അമൻപ്രീതിനോടുള്ള ആദരസൂചകമായി സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാണ് ഇറങ്ങിയത്.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിരാട് കോലിയും യുവരാജ് സിംഗും അനുശോചനം രേഖപ്പെടുത്തി. വാർത്ത ഞെട്ടലും ദുഃഖവും ഉണ്ടാക്കിയതായി വിരാട് കോലി പ്രതികരിച്ചു. കളിയോട് അതിയായ താൽപര്യവും കഠിനാധ്വാനവും പുലർത്തിയ ശാന്തസ്വഭാവക്കാരനായിരുന്നു അമൻപ്രീതെന്ന് യുവരാജ് സിംഗ് അനുസ്മരിച്ചു.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 2007-ൽ ഇന്ത്യൻ യൂത്ത് ടീമിനൊപ്പം ഇംഗ്ലണ്ട്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ പര്യടനം നടത്തിയ അമൻപ്രീത് നിരവധി ഏകദിനങ്ങളിലും ഒരു യൂത്ത് ടെസ്റ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.






