തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പഞ്ചായത്ത് ഉണ്ണി അറസ്റ്റിൽ. ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് (പഞ്ചായത്ത് ഉണ്ണി) യെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 19-നാണ് സംഭവം നടന്നത്. പഞ്ചായത്ത് നടയിൽ വെച്ച് മുൻവൈരാഗ്യത്തെ തുടർന്നു മേനംകുളം സ്വദേശി ലാലുവിനെ അസഭ്യം പറഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
പ്രതിയുടെ സുഹൃത്തുക്കളുമായി ലാലു സഹകരിക്കാത്തതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് പ്രതിയുടെ സംഘവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴക്കൂട്ടം സ്റ്റേഷനും തിരുവനന്തപുരം റൂറൽ ജില്ലയും ഉൾപ്പെടെ 18-ഓളം ആക്രമണക്കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






