തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രി കെസി ജോസഫ്. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തന്റെ പേരിൽ വ്യാജ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് എഐസിസിയ്ക്ക് പരാതി നൽകിയതായും കെ സി ജോസഫ് അറിയിച്ചു. മറ്റു പല നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ പിന്നിൽ ആരായാലും അത് അൽപ്പത്തരമാണെന്നും, കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്നേഹിക്കുന്ന ആരും തയ്യാറാകില്ലെന്നും കെ സി ജോസഫ് പ്രതികരിച്ചു. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.






