കുവൈത്ത് സിറ്റി: ബ്നെയ്ദ് അൽ-ഖാർ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും അധികൃതർ റെയ്ഡ് നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് സപ്പോർട്ട് വിഭാഗവും പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയും ചേർന്നാണ് പരിശോധന നടത്തിയത്.
സ്വകാര്യ വസതി അനധികൃതമായി ഭക്ഷണശാലയായി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇവിടെ ഉപഭോക്താക്കളെ സ്വീകരിച്ച് ഭക്ഷണം വിൽപ്പന നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു. ആരോഗ്യ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും പഴകിയതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയിരുന്നതായും കണ്ടെത്തി.
സംഭവത്തിൽ നിയമലംഘകർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. പരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണും കണ്ടെത്തി പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.






