ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി മധ്യവയസ്കയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് പാവറട്ടി സ്വദേശി പി.കെ. സലീം (48) ആണ് പിടിയിലായത്.
2020ൽ സമൂഹമാധ്യമത്തിൽ നൽകിയ വിവാഹപരസ്യത്തിലൂടെ പരാതിക്കാരിയുടെ ഫോൺ നമ്പർ ശേഖരിച്ചാണ് പ്രതി പരിചയം സ്ഥാപിച്ചത്. താൻ വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വർഷങ്ങളോളം ഫോണിലൂടെ ബന്ധം തുടർന്നു. തുടർന്ന് 2024 മാർച്ചിൽ നാട്ടിലെത്തിയ പ്രതി ഉടൻ വിവാഹം നടത്താമെന്ന് വിശ്വസിപ്പിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
പിന്നീട് ഭാര്യക്കും മക്കൾക്കുമൊപ്പമുള്ള പ്രതിയുടെ ചിത്രം സമൂഹമാധ്യമത്തിൽ കണ്ടതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി പരാതിക്കാരി മനസിലാക്കിയത്. ഇതേ രീതിയിൽ മറ്റ് സ്ത്രീകളെയും പ്രതി വഞ്ചിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം.
വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രതിയെ പിടികൂടാൻ ചെങ്ങന്നൂർ പൊലീസ് തന്ത്രപരമായ നീക്കമാണ് നടത്തിയത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചാണ് പ്രതിയെ വലയിലാക്കിയത്.
ചെങ്ങന്നൂർ ഡിവൈഎസ്‌പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ രെഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.






