ചെന്നൈ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ വിരമിക്കൽ പ്രഖ്യാപനങ്ങളിലൊന്നിന് ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിങ്‌സിന്റെ പ്രിയപ്പെട്ട നായകൻ എം.എസ്. ധോണി തന്റെ ഐപിഎൽ കരിയറിന് ഇന്ന് തിരശ്ശീലയിട്ടേക്കുമെന്നാണ് സൂചനകൾ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തിങ്കളാഴ്ച ചെപ്പോക്കിൽ നടക്കുന്ന ചെന്നൈയുടെ ഈ സീസണിലെ അവസാന ഹോം മത്സരത്തിന് ശേഷം കാണികളോട് സ്റ്റേഡിയത്തിൽ തന്നെ തുടരാൻ സിഎസ്കെ മാനേജ്‌മെന്റ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ധോണിയുടെ പടിയിറക്കത്തിന്റെ സൂചനയായി ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
തന്റെ അവസാന ട്വന്റി-20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് അഞ്ച് വർഷം മുമ്പ് 2021-ൽ ചെന്നൈ കിരീടം നേടിയപ്പോൾ തന്നെ ധോണി വ്യക്തമാക്കിയിരുന്നു. തന്റെ ടെസ്റ്റ്, ഏകദിന കരിയറുകളിലെ അവസാന ഹോം മത്സരങ്ങൾ സ്വന്തം നാടായ റാഞ്ചിയിലായിരുന്നതുപോലെ, കരിയറിലെ അവസാന ടി20 ചെന്നൈ മണ്ണിലായിരിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. 2026 ഐപിഎൽ സീസണിലെ അവസാന ഹോം മത്സരത്തോടെ ആ കാത്തിരിപ്പിന് വിരാമമാവുകയാണ്. ഈ സീസണിൽ പരിക്കുകൾ മൂലം ഇതുവരെ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ സാധിക്കാതെ ഡ്രസിങ് റൂമിൽ ഒതുങ്ങിപ്പോയ ധോണി, ഇന്നത്തെ നിർണായക മത്സരത്തിൽ ആരാധകർക്കായി പാഡണിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ചെന്നൈ സൂപ്പർ കിങ്സിന് ഇന്നത്തെ മത്സരം പ്ലേഓഫ് സാധ്യതകൾ സജീവമായി നിലനിർത്താൻ അത്യന്തം നിർണായകമാണ്. നിലവിൽ 12 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ചെന്നൈക്ക് ഇന്ന് ജയിച്ചാൽ പഞ്ചാബിനെ മറികടന്ന് ആദ്യ നാലിൽ ഇടം നേടാം. അതേസമയം, ഇന്ന് വിജയിച്ചാൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് പ്ലേഓഫ് ബെർത്ത് ഉറപ്പിക്കാം. ഹൈദരാബാദ് വിജയിക്കുകയാണെങ്കിൽ അത് ഗുജറാത്ത് ടൈറ്റൻസിനും പ്ലേഓഫ് യോഗ്യത നേടിക്കൊടുക്കും എന്ന പ്രത്യേകതയുമുണ്ട്.
2008-ലെ കന്നി ഐപിഎൽ ലേലത്തിൽ മുംബൈ ഇന്ത്യൻസിനോട് കടുത്ത പോരാട്ടം നടത്തി 14 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്‌സ് ധോണിയെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. വിലക്ക് നേരിട്ട രണ്ട് വർഷങ്ങളിലൊഴികെ ബാക്കിയെല്ലാ സീസണിലും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ വിസ്മയം തീർത്ത ധോണി, ഇതുവരെ 256 മത്സരങ്ങളിൽ നിന്നായി 5141 റൺസ് അക്കൗണ്ടിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിൽ 12 തവണ പ്ലേഓഫിലും 10 തവണ ഫൈനലിലുമെത്തിയ ചെന്നൈ അഞ്ച് തവണ കിരീടമുയർത്തി ചരിത്രം സൃഷ്ടിച്ചു. ആ ഐതിഹാസിക കരിയറിനാണ് ഇന്ന് ചെപ്പോക്കിന്റെ മണ്ണിൽ ശുഭപര്യവസാനമാകാൻ പോകുന്നത്.





