കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി. ഗർഭാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു മരണം.
ഈ മാസം അഞ്ചിനാണ് തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിന് ശസ്ത്രക്രിയ നടത്തി. ഒമ്പതിന് വാർഡിലേക്ക് മാറ്റിയെങ്കിലും അന്നുരാത്രി രക്തസ്രാവം, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടു. തുടർന്ന് പത്താം തീയതി വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അന്നുതന്നെ വീണ്ടും ശസ്ത്രക്രിയയും നടത്തി. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് തങ്കമണി മരിച്ചത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചികിത്സാ പിഴവുണ്ടായെന്ന പരാതിയിൽ തുടർനടപടികൾ സ്വീകരിക്കും.




