ന്യൂഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ 14കാരനെ കുത്തിക്കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ ഇരുവരെയും പൊലീസ് പിടികൂടി. കിഴക്കൻ ഡൽഹിയിലെ കോട്ല ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം.
നിരവധി തവണ കുത്തേറ്റ കുട്ടിയെ ഉടൻതന്നെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
കൊല്ലപ്പെട്ട കുട്ടിയും പ്രതികളും തമ്മിൽ നാലോ അഞ്ചോ ദിവസം മുൻപ് തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


