പാലക്കാട്: കുളപ്പുള്ളിയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടിൽ സുനിൽ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപമുള്ള വളവിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.
പട്ടാമ്പിയിൽ നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന സുനിൽ ബസിൽ തട്ടി തെറിച്ച് ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു.
ബസിന്റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ബസ് തട്ടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് അറിയിച്ചു.






