റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നിയമനടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിന് ശേഷമുള്ള പ്രധാന നടപടിയായ എക്സിറ്റ് വിസ ഏത് നിമിഷവും ലഭിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വിസ അനുവദിക്കുന്നതോടെ അബ്ദുൽ റഹീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കാവശ്യമായ രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന മോചനവാർത്ത ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പ്രവാസി സമൂഹവും.
അതേസമയം, സൗദി അറേബ്യയിൽ ബലിപെരുന്നാൾ അവധി ആരംഭിക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങളിൽ ചെറിയ താമസം ഉണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. എന്നിരുന്നാലും നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ ശ്രമം തുടരുകയാണ്.
റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂർ, ജയിൽ അധികൃതർ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആവശ്യമായ അന്തിമ അനുമതികൾ വേഗത്തിൽ ലഭ്യമാക്കി അബ്ദുൽ റഹീമിന്റെ മടക്കം എത്രയും പെട്ടെന്ന് ഉറപ്പാക്കാനാണ് ശ്രമങ്ങൾ പുരോഗമിക്കുന്നത്.






