കൊച്ചി: ലഹരിവിരുദ്ധ നടപടികൾ ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു. 87 പേരെ മാത്രം പാർപ്പിക്കാനുള്ള ശേഷിയുള്ള ജയിലിൽ നിലവിൽ 215 തടവുകാരാണ് കഴിയുന്നത്. ഇവരിൽ മൂന്നിലൊന്നോളം പേർ ലഹരിക്കേസുകളിൽ റിമാൻഡിലായവരാണ്.
തടവുകാരുടെ എണ്ണം വർധിച്ചതോടെ ജയിലിൽ കടുത്ത സ്ഥലപരിമിതി അനുഭവപ്പെടുകയാണ്. ഒൻപത് വലിയ ലോക്കപ്പ് മുറികളും അഞ്ച് ചെറിയ ലോക്കപ്പ് മുറികളും നാല് സിംഗിൾ ലോക്കപ്പ് മുറികളുമുള്ള ജയിലിൽ പല മുറികളിലും കിടക്കാൻ പോലും ആവശ്യമായ സ്ഥലമില്ല. ഫാനുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും അമിത തിരക്ക് തടവുകാരുടെ ബുദ്ധിമുട്ട് വർധിപ്പിക്കുന്നതായി അധികൃതർ പറയുന്നു.
ജില്ലാ ജയിലിന്റെ ഔദ്യോഗിക ശേഷി 87 പുരുഷന്മാർ, ആറ് ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ, 11 വനിതകൾ എന്നിങ്ങനെയാണ്. എന്നാൽ വനിതാ വിഭാഗത്തിലും അനുവദനീയ ശേഷിയേക്കാൾ കൂടുതൽ പേരാണ് കഴിയുന്നത്. ഭൂരിഭാഗവും റിമാൻഡ് തടവുകാരാണ്. ചെറിയ ശിക്ഷ ലഭിച്ച ഏതാനും പേരും ജയിലിലുണ്ട്.
സാധാരണയായി തിരക്ക് വർധിക്കുമ്പോൾ തടവുകാരെ സമീപ ജില്ലകളിലെ ജയിലുകളിലേക്ക് മാറ്റാറുണ്ടെങ്കിലും അവിടെയും സമാന സാഹചര്യമുള്ളതിനാൽ അതും പ്രായോഗികമല്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സുരക്ഷാ വെല്ലുവിളികൾ വർധിപ്പിക്കുന്നുണ്ട്. 18 മുതൽ 21 വയസ്സ് വരെയുള്ള തടവുകാരെ സമീപത്തെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റുന്നതിനാലാണ് നിലവിലെ തിരക്ക് ഇതിലും കൂടുതലാകാതിരുന്നത്.
2014-ലെ ജയിൽ ചട്ടപ്രകാരം ഓരോ തടവുകാരനും 3.72 ചതുരശ്ര മീറ്റർ സ്ഥലമെങ്കിലും ലഭിക്കണം. എന്നാൽ കാക്കനാട് ജില്ലാ ജയിലിലെ തടവുമുറികളുടെ ആകെ വിസ്തൃതി 324 ചതുരശ്ര മീറ്റർ മാത്രമാണ്. നിലവിലെ തടവുകാരുടെ എണ്ണത്തിന് ആവശ്യമായ വിസ്തൃതിയുടെ പകുതിയിലും കുറഞ്ഞ സ്ഥലത്താണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. പല റിമാൻഡ് തടവുകാരും മൂന്നോ നാലോ ആഴ്ചയ്ക്കകം പുറത്തിറങ്ങുന്നുണ്ടെങ്കിലും അതിലേറെ പേർ പുതുതായി റിമാൻഡിലാകുന്നതിനാൽ തിരക്ക് കുറയുന്നില്ലെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.


