കറാച്ചി: യുഎഇയിൽ നിന്ന് പാകിസ്താനിലേക്ക് വന്ന ബോയിംഗ് 737 ചരക്ക് വിമാനം കറാച്ചിക്ക് സമീപം കാണാതായി. വിമാനവുമായി എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ടമായതിനെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചു.
ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന വിമാനം ചൊവ്വാഴ്ച രാത്രി 9.21ഓടെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെയാണ് സംഭവം.
വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റ് ബന്ധം നഷ്ടമാകുന്നതിന് മുമ്പ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് മാറ്റം സംഭവിക്കുകയും താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ2 എയർവേയ്സിന്റെ ചരക്ക് വിമാനമാണ് കാണാതായത്.
വിമാനം കണ്ടെത്താൻ പാകിസ്താൻ നാവികസേനയും വ്യോമസേനയും ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ കടലിൽ തിരച്ചിൽ തുടരുകയാണ്. ഹെലികോപ്റ്ററുകളും കപ്പലുകളും ഉപയോഗിച്ചാണ് തിരച്ചിൽ നടക്കുന്നത്. വിമാനം കടലിൽ പതിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.



