കഴിഞ്ഞ ദിവസമാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച് വയനാട് മേപ്പാടിയിൽ മണ്ണിടിച്ചിലുണ്ടായത്. അതിന് പിന്നാലെ കരാർ കമ്പനിയും സംസ്ഥാന സർക്കാരും തമ്മിൽ പരസ്പരം പഴിചാരുകയും ചെയ്തതും നാം കണ്ടതാണ്. എന്നാൽ അത്ര ചെറിയ നഷ്ടമല്ല കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ എന്ന സ്ഥാപനം ഈയൊരൊറ്റ ദുരന്തത്തിലൂടെ നേരിട്ടത്.
കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ പദ്ധതിയുടെ നിർമാണ ചുമതലയുള്ള ഭോപ്പാൽ ആസ്ഥാനമായ ‘ദിലിപ് ബിൽഡ്കോണിന്’ പണികൊടുത്തത് ഓഹരി വിപണിയാണ്. ദുരന്തം കമ്പനിയുടെ പിഴവുകൊണ്ടല്ലെന്നും ജൂലൈയിലെ കനത്ത മഴയാണ് കാരണമെന്നും വിപണി ഫയലിങ്ങിലൂടെ കമ്പനി വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അങ്ങനെ പെട്ടെന്നൊന്നും ഒഴിയുന്ന ആശങ്കയല്ല നിക്ഷേപകരുടേത്.
ദുരന്തം നടന്ന ആദ്യ ദിവസം മാത്രമല്ല, രണ്ടാം ദിവസവും ദിലിപ് ബിൽഡ്കോണിന്റെ ഓഹരികൾ തകർന്നടിഞ്ഞിരുന്നു. ബുധനാഴ്ച്ച രാവിലെ ഓഹരിയൊന്നിന് 427.40 രൂപ എന്ന നിലയിൽ വ്യാപാരം തുടങ്ങിയ കമ്പനി ഓഹരികൾ നിമിഷങ്ങൾക്കകം രണ്ട് ശതമാനത്തോളം താഴേക്ക് പോയി.
എന്നാൽ ആരാണ് ദിലീപ് ബിൽഡേഴ്സിന്റെ ഉടമകൾ? എന്താണ് കമ്പനിയുടെ പോർട്ട്ഫോളിയോ? 1987ൽ ദിലിപ് സൂര്യവംശി അഞ്ചു ജീവനക്കാരുമായി ആരംഭിച്ച ദിലിപ് ബിൽഡേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് പിന്നീട് കോടികൾ വരുമാനമുള്ള ദിലിപ് ബിൽഡ്കോൺ ആയി മാറിയത്. തുടക്കത്തിൽ മധ്യപ്രദേശിൽ മാത്രമായിരുന്നു പ്രവർത്തനം. പിന്നീട് രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കും വളർന്നു പന്തലിച്ചു. 2006ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. 2016ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ഐപിഒയ്ക്ക് 16 മടങ്ങ് സബ്സ്ക്രിപ്ഷൻ ലഭിച്ചെന്നാണ് കമ്പനി വെബ്സൈറ്റ് പറയുന്നത്.
നിലവിൽ റോഡുകൾക്കും ഹൈവേകൾക്കും പുറമെ വിമാനത്താവളം, റെയിൽവേ, പാലങ്ങൾ, പെട്രോളിയം തുടങ്ങിയ മേഖലകളിലും ദിലിപ് ബിൽഡ്കോണിന് സാന്നിധ്യമുണ്ട്. വയനാട്ടിലേതിനു പുറമെ നാലിടങ്ങളിലാണ് കമ്പനിയുടെ തുരങ്ക നിർമാണ പദ്ധതികൾ നിർമാണം നടക്കുന്നത്. മധ്യപ്രദേശിലെ രേവ-സിധി തുരങ്കപാത നിർമാണം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിയ്ക്കു കൈമാറിയിട്ടുണ്ട്. റോഡുകൾ, ഹൈവേകൾ, വിമാനത്താവളങ്ങൾ, റെയിൽവേ, പാലങ്ങൾ, പെട്രോളിയം തുടങ്ങിയ മേഖലകളിൽ ഇന്ന് കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. രേവ-സിധി തുരങ്കപാത ഉൾപ്പെടെ പൂർത്തിയാക്കിയ കമ്പനിക്ക് നിലവിൽ വയനാടിന് പുറമെ നാലിടങ്ങളിൽ കൂടി തുരങ്ക നിർമാണ പദ്ധതികളുണ്ട്.
ഇനി കമ്പനിയുടെ കേരളത്തിലെ പ്രോജക്ടുകൾ നോക്കാം. 2024-25 സാമ്പത്തിക വർഷത്തിലാണ് വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ കരാർ കമ്പനി സ്വന്തമാക്കുന്നത്. ഇതിനു പുറമെ 1115.37 കോടി രൂപയുടെ പാലക്കാട് വ്യവസായ സ്മാർട് സിറ്റി കരാറും കഴിഞ്ഞ വർഷം ഇവർക്ക് ലഭിച്ചിരുന്നു.
ഇനി കമ്പനിയുടെ സാമ്പത്തിക നിലവാരം നോക്കിയാൽ, കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിൽ 5.8% ഇടിവുണ്ടായെങ്കിലും 11,317 കോടി രൂപ നേടാൻ കമ്പനിക്കായി. അതേസമയം ലാഭം 317% കുതിപ്പോടെ 841 കോടി രൂപയിലെത്തി. നിലവിൽ 6,890 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിക്ക് 28,830 കോടി രൂപയുടെ ഓർഡർ ബുക്കാണുള്ളത്.
ശക്തമായ ഓർഡർ ബുക്കും മികച്ച സാമ്പത്തിക അടിത്തറയും അവകാശപ്പെടാനുണ്ടെങ്കിലും, കള്ളാടി പ്രോജക്ടിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി ദിലിപ് ബിൽഡ്കോണിന്റെ വിപണി പ്രതിച്ഛായയെ താൽക്കാലികമായെങ്കിലും ബാധിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിച്ചുകൊണ്ട് കേരളത്തിലെ ഈ രണ്ട് വൻകിട പദ്ധതികൾ കമ്പനി എങ്ങനെ സമയബന്ധിതമായി പൂർത്തിയാക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വിപണിയിലെ അവരുടെ ഭാവി മുന്നേറ്റം.


