തൃശ്ശൂർ: പൊലീസിനെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എറിയാട് സ്വദേശി അഫ്സലിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. പൊലീസ് എത്തിയതോടെ കഞ്ചാവ് പൊതികൾ ഒളിപ്പിക്കുന്നതിനായി പ്രതി അടുപ്പിലേക്ക് എറിയുകയായിരുന്നു. അടുപ്പിൽ തീ ഇല്ലായിരുന്നെങ്കിലും കനൽ ഉണ്ടായിരുന്നതിനാൽ കഞ്ചാവ് കത്തി പുക ഉയരുകയും പ്രദേശത്ത് കഞ്ചാവിന്റെ മണം വ്യാപിക്കുകയും ചെയ്തു. ഇതോടെ പൊലീസ് വിവരം മനസിലാക്കി.
തുടർന്ന് നടത്തിയ പരിശോധനയിൽ അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. തൊണ്ടിമുതലുൾപ്പെടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നിരവധി ലഹരിക്കേസുകളിൽ പ്രതിയായ അഫ്സൽ, സ്കൂൾ-കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിയിരുന്നയാളാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


