തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയാനും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം നിൽക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.


