മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ തപി നദിയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കാലുകൾ ഇരുമ്പ് ചങ്ങലകൊണ്ട് പരസ്പരം ബന്ധിച്ച നിലയിലായിരുന്നു. ധുലെ ജില്ലയിലെ സവാൽദെ മേഖലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ശ്യാമും സപ്നയും വിവാഹിതരായത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.


