തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അയ്യന്തോളിൽ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
സ്പെഷ്യൽ ജഡ്ജിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം, ശ്രീജിത്ത് രവിക്ക് കോടതി ജാമ്യവും അനുവദിച്ചു.
2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂരിലെ അയ്യന്തോൾ ഗ്രൗണ്ടിന് സമീപം വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികൾക്ക് നേരെ നടൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്.
സംഭവത്തിൽ കുട്ടികളുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനും നിയമനടപടികൾക്കും ഒടുവിലാണ് കോടതി വിധി വന്നത്.
2019 വരെ പെരുമാറ്റ വൈകല്യത്തിന് ചികിത്സ തേടിയിരുന്നതായി ശ്രീജിത്ത് രവിയുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളുണ്ട്.


