പുണെ: വിപ്രോയിൽ ജോലി ചെയ്തിരുന്ന യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇൻഫോസിസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രദീപ് ജാദവിന്റെ വിശദീകരണപ്രകാരം, 27കാരിയായ കോമൾ രാജേന്ദ്ര ദഹാകെയും അറസ്റ്റിലായ ശുഭം ജ്ഞാനേശ്വർ കൽബൻഡെയും ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും യുവതിയെ മർദിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക സംശയം. എന്നാൽ മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


