കോഴിക്കോട്: രാജ്യസ്നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും അതൊരു സംസ്കാരമാണെന്നും നടൻ മോഹൻലാൽ. ഈ സംസ്കാരം ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് പകരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മുഖമാസികയായ കേസരിയുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കർമമേഖല സിനിമയാണെന്നും അഭിനയമാണ് തനിക്ക് അറിയാവുന്ന തൊഴിലെന്നും മോഹൻലാൽ പറഞ്ഞു. രാജ്യസ്നേഹവും ദേശീയബോധവും പ്രമേയമാക്കിയ നിരവധി സിനിമകളിൽ, പ്രത്യേകിച്ച് സൈനിക പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി തവണ സൈനിക ക്യാമ്പുകളും അതിർത്തി പ്രദേശങ്ങളും സന്ദർശിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.
പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞതിനപ്പുറം രാജ്യസ്നേഹവും ദേശീയബോധവും നേരിട്ട് അനുഭവിക്കാൻ സൈനിക ക്യാമ്പുകളിലെയും അതിർത്തി പ്രദേശങ്ങളിലെയും സന്ദർശനങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.
നമ്മൾ സുരക്ഷിതരായി ജീവിക്കുന്നത് അതിർത്തികളിൽ സൈനികർ കാവൽ നിൽക്കുന്നതുകൊണ്ടാണ്. അവരുടെ ഹൃദയമിടിപ്പിലാണ് രാജ്യസ്നേഹം അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും സമാനമായ പശ്ചാത്തലത്തിലുള്ള ചിത്രമാണ്. തന്റെ കർമമേഖലയിലൂടെ കഴിയുന്നത്ര രാജ്യസ്നേഹം വളർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മോഹൻലാൽ പറഞ്ഞു.
സിനിമയിൽ അമ്പത് വർഷം പിന്നിട്ട തന്റെ യാത്രയെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. സിങ്ക് സൗണ്ട് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ സിനിമാ മേഖലയിൽ എത്തിയതും വ്യവസായം വളരുന്നതും നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട്.
സർഗാത്മകതയും സാങ്കേതികവിദ്യയും ഒന്നിക്കുമ്പോഴാണ് മികച്ച കലാവിഷ്കാരങ്ങൾ സാധ്യമാകുന്നത്. രാമായണം പോലുള്ള ഇന്ത്യൻ ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്രത്തോളം മികച്ച രീതിയിൽ അവതരിപ്പിക്കാനാകുമെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


