അധികം ചേരുവകളുടെ കൂട്ടുകളില്ലാതെ, വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന പ്രോൺസ് നിർവാണ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
ചെമ്മീൻ തയാറാക്കാൻ
ചെമ്മീൻ – 500 ഗ്രാം
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
കുരുമുളകുപൊടി – ¼ ടീസ്പൂൺ
നാരങ്ങാനീര് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സവാള – 2 വലുത്, ചെറുതായി അരിഞ്ഞത്
ഇഞ്ചി ചെറുതായി അരിഞ്ഞത്– 1 ഇഞ്ച് കഷണം, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 5–6 അല്ലി
പച്ചമുളക് നീളത്തിൽ കീറിയത് – 2–3 എണ്ണം
തക്കാളി – 1 വലുത്, അരിഞ്ഞത്
കറിവേപ്പില – 2 തണ്ട്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – ½ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
ഗരംമസാല – ½ ടീസ്പൂൺ
തേങ്ങാപ്പാൽ – 1 കപ്പ്
വെളിച്ചെണ്ണ – 2–3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ നന്നായി വൃത്തിയാക്കി കഴുകിയെടുക്കുക. അധികം വെള്ളം ഉണ്ടെങ്കിൽ തുടച്ചുമാറ്റണം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി 10–15 മിനിറ്റ് മാറ്റിവയ്ക്കാം.
ഒരു പാൻ ചൂടാക്കി അൽപം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം മസാല പുരട്ടിവച്ച ചെമ്മീൻ ചേർത്ത് അധികം വേവിക്കാതെ ഇരുവശവും ഒന്ന് ചെറുതായ് വറുത്തെടുക്കുക. ചെമ്മീൻ പൂർണമായി വേവിക്കേണ്ടതില്ല. ശേഷം ഇത് പാനിൽനിന്ന് മാറ്റിവയ്ക്കാം. അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ചേർത്ത് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. നല്ല മണം വരുമ്പോൾ സവാള ചേർക്കാം.
സവാള ചെറുതായി വഴന്ന് ചുമക്കുന്നത് വരെ വേവിക്കുക. ശേഷം അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റണം. തക്കാളി ഉടഞ്ഞ് മിശ്രിതം മൃദുവാകുന്നതാണ് അടുത്ത ഘട്ടത്തിന് അനുയോജ്യം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർക്കുക. പൊടികൾ ചേർക്കുമ്പോൾ തീ കുറയ്ക്കുന്നത് നല്ലതാണ്. മസാല കരിയാതിരിക്കാൻ അൽപം വെള്ളം തളിച്ച് പച്ചമണം മാറുന്നതുവരെ വഴറ്റാം. മസാല നന്നായി വഴന്നുകഴിഞ്ഞാൽ തേങ്ങാപ്പാൽ ചേർക്കുക. അധികം തീയിൽ തിളപ്പിക്കാതെ ചെറിയ തീയിൽ ഗ്രേവി ചൂടാക്കണം.
തേങ്ങാപ്പാൽ നന്നായി ചൂടായി ഗ്രേവി അൽപം കുറുകുമ്പോൾ നേരത്തെ വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർക്കാം. ചെമ്മീൻ ഗ്രേവിയിൽ നന്നായി പൊതിയുന്ന രീതിയിൽ ഇളക്കി 3–5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. ചെമ്മീൻ അധികനേരം വേവിച്ചാൽ കട്ടിയാകാനും രുചി കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട് ഈ ഘട്ടത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അവസാനം അൽപം കുരുമുളകുപൊടിയും കറിവേപ്പിലയും ചേർത്ത് എടുത്താൽ സ്വാദിഷ്ടമായ പ്രോൺസ് നിർവാണ തയ്യാർ.


