കൊല്ലം: യുഡിഎഫിന്റെ അഞ്ച് ഗാരന്റികളും നടപ്പാക്കാനുള്ള സാമ്പത്തികശേഷി കേരളത്തിനുണ്ടെന്ന് മുൻ ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് സൗജന്യ യാത്രയും ആശ വർക്കർമാരുടെ ശമ്പളവർധനയും മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സംസ്ഥാന ഖജനാവിന്റെ സാമ്പത്തികശേഷി വ്യക്തമായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. “ഖജനാവ് ശൂന്യമാണെന്ന് വിമർശിച്ചിരുന്നവർക്ക് ഇപ്പോൾ യാഥാർത്ഥ്യം മനസ്സിലായിരിക്കുകയാണ്. ആറായിരം കോടി രൂപ ബാക്കി വെച്ചിട്ടാണ് സർക്കാർ അധികാരം ഒഴിഞ്ഞത്,” എന്നും ബാലഗോപാൽ പറഞ്ഞു.
പതിനാറാം ധനകാര്യ കമ്മീഷനിലൂടെ സംസ്ഥാനത്തിന് ഈ വർഷം 10,000 കോടി രൂപ അധികമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന എ. കെ. ആന്റണിയുടെ പരാമർശം വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഗാരന്റികൾ നടപ്പാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധവളപത്രം പുറത്തിറക്കുന്നതിലൂടെ കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാരിന്റെ പെൻഷൻ പ്രഖ്യാപനം കേരളത്തിന്റെ ഖജനാവ് പാപ്പരല്ലെന്നതിന് തെളിവാണെന്നും ബാലഗോപാൽ പറഞ്ഞു. കെ-റെയിൽ പദ്ധതി റദ്ദാക്കിയാലും ഇല്ലെങ്കിലും വേഗത്തിലുള്ള യാത്രാസൗകര്യം സംസ്ഥാനത്തിന് ആവശ്യമാണെന്നും, മഞ്ഞക്കുറ്റികൾ നീക്കാതെ ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി അവഗണിച്ചപ്പോൾ കോൺഗ്രസും യുഡിഎഫും വേണ്ട പിന്തുണ നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ എൽഡിഎഫ് അതുപോലുള്ള സമീപനം സ്വീകരിക്കില്ലെന്നും, ആത്മാർഥമായ പിന്തുണ നൽകുമെന്നും വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമർശനങ്ങൾ തടയരുതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഇടതുമുന്നണി വലിയ തിരിച്ചടി നേരിട്ട കാലങ്ങൾ ഉണ്ടായിരുന്നുവെന്നും, സ്വയം വിമർശനത്തോടെ പ്രവർത്തനത്തിൽ മാറ്റം വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






