ലോകത്തെവിടെ ചെന്നാലും മലയാളികളുടെ നൊസ്റ്റാള്‍ജിയകളിലൊന്നാണ് ലാലേട്ടന് എന്ന പേര്. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം. മലയാളത്തിന്റെ മാത്രമല്ല, നാലര പതിറ്റാണ്ടായി സിനിമാ ലോകത്തെ നിറസാന്നിധ്യമാണ് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മോഹന്‍ലാല്‍. ഇനിയും ആ വിസ്മയം തുടരും. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്.
മലയാളി മനസ്സുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ത്ത സുകൃതമാണ് മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ കുസൃതിയില്‍ നിന്നും കുടിലതയിലേക്കും ക്രൗര്യത്തിലേക്കും കൂടുമാറുന്ന നരേന്ദ്രന് എന്ന കഥാപാത്രത്തില്‍ തുടങ്ങി, മലയാളികളുടെ ഹൃദയമിടിപ്പായി മാറിയ എത്രയെത്ര കഥാപാത്രങ്ങള്‍ അദ്ദേഹത്തിലൂടെ നമ്മുക്ക് ലഭിച്ചു. ‘രാജാവിന്റെ മകന്’ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനിലൂടെ ലാല്‍ എന്ന നടന് മാസ്മരികമായ ഒരു നായകസങ്കല്‍പ്പത്തിന് അടിത്തറയിട്ടു.
സത്യന് അന്തിക്കാടിന്റെയും സിബി മലയിലിന്റെയും പ്രിയദര്‍ശന്റെയും ഭരതന്റെയും പത്മരാജന്റെയും സിനിമകളിലൂടെ മോഹന്‍ ലാല്‍ പ്രേക്ഷകരുടെ വികാരവും ജീവവായുവുമായി. നാടോടിക്കാറ്റിലെ ദാസനും ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും മധ്യവര്‍ഗജീവിതത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമാക്കി മലയാളി മനസുകളില്‍ ലാലേട്ടനെ മാറ്റി. ഇനിയും ആ വിസ്മയം കാലങ്ങളോളം തുടരും.





