തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർ പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തരായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫും തൃത്താലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിടി ബല്‍റാമുമാണ്.
കന്നട ഭാഷയിലാണ് എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. 29,252 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. യുഡിഎഫിൽ നിന്നുള്ള യുവ എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി ടി ബൽറാം സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഐഎം നേതാവും മന്ത്രിയുമായിരുന്ന എം ബി രാജേഷിനെ പരാജയപ്പെടുത്തി 8,385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിടി ബല്‍റാം വിജയിച്ചത്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചും ഇന്നലെ ധാരണയായി.






