തിരുവനന്തപുരം: റേഷൻ വിതരണത്തിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ഇ-നിരീക്ഷണ സംവിധാനം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് അളവുതൂക്കയന്ത്രം എല്ലാ കടകളിലും നിർബന്ധമാക്കാനാണ് തീരുമാനം.
ഇലക്ട്രോണിക് തൂക്കയന്ത്രം നിലവിലുള്ള ഇ-പോസ് സംവിധാനവുമായി ബന്ധിപ്പിച്ച് വിതരണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കും. റേഷൻ വിതരണം ചെയ്യുമ്പോൾ ഗുണഭോക്താവിന്റെ ചിത്രം സോഫ്റ്റ്‌വേറിൽ തെളിയുന്ന രീതിയിലും കടകൾ ആധുനികവത്കരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു.
ഇ-പോസും ഇലക്ട്രോണിക് തൂക്കയന്ത്രവും സംയോജിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം വർഷങ്ങളായി നിലവിലുണ്ടെങ്കിലും പദ്ധതി പൂർണമായി നടപ്പായിരുന്നില്ല. മുൻപ് ഇതുസംബന്ധിച്ച് ശ്രമങ്ങൾ നടന്നെങ്കിലും നടപ്പാക്കൽ വൈകുകയായിരുന്നു.
ചില റേഷൻ കടകളിൽ വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിന്റെ മുഴുവൻ തുകയും സർക്കാരിലേക്ക് അടയ്ക്കുന്നില്ലെന്ന പരാതികളും അളവിൽ ക്രമക്കേടുകളും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയ ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇ-നിരീക്ഷണ സംവിധാനം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ നടപടി.











