ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം (23) എന്ന യുവാവിനെ ഉസ്‌ബെക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും മെഡിക്കൽ വിദ്യാർഥിയാണ്.
ഇരുവരും ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചുവരികയായിരുന്നു. സാവരിയയെ ഫോണിൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
തുടർന്ന് ഉസ്‌ബെക്കിസ്ഥാൻ അധികൃതർ അന്വേഷണം ആരംഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സാവരിയയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചിട്ടുണ്ടെന്നും തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം സ്വദേശമായ ഹരിപ്പാട്ടേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലവും കൊലപാതകത്തിന് പിന്നിലെ കാരണങ്ങളും സംബന്ധിച്ച് ഉസ്‌ബെക്കിസ്ഥാൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




