കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും അറസ്റ്റിൽ. നെടുമ്പാശ്ശേരിക്കു സമീപത്തെ സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാരെയും ഉടമയെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
സ്പായിൽ അക്രമം നടത്തിയതിന് പിന്നാലെ കേരളത്തിൽ നിന്ന് കാറിൽ മൈസൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരട് അനീഷിനെ പൊലീസ് പിടികൂടിയത്. പൊലീസിന്റെ ആസൂത്രിത നീക്കത്തിലൂടെയാണ് അറസ്റ്റ് നടന്നത്.
കൊലപാതകശ്രമം, ഗുണ്ടാപ്പിരിവ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ മാത്രം അമ്പതിലധികം കേസുകളിൽ പ്രതിയാണ് മരട് അനീഷ്. നിരവധി തവണ പൊലീസ് നടപടി നേരിട്ടിട്ടുള്ള ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ സെൻട്രൽ പൊലീസ് ജനുവരിയിൽ മരട് അനീഷിനെ റിമാൻഡ് ചെയ്തിരുന്നു. ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടിയെത്തിയപ്പോഴാണ് മുളവുകാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ തുടർച്ചയായി സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ വീണ്ടും പൊലീസ് പിടിയിലായത്.




